നവവത്സരാശംസകള്‍

ഓരൊ വര്‍ഷവും കടന്നു പോകുമ്പോഴും
കഴിഞ്ഞ വര്‍ഷത്തെ ദുരിതങ്ങളൊന്നും
ഈ വര്‍ഷം ഉണ്ടാവില്യാന്ന് കരുതും .
ന്നാ, പുതിയ വര്‍ഷത്തെ അവസ്ഥ കണ്ടാലൊ .. ?
ന്താ പറയാ .. ഈ ലോകത്തെ ഓരൊ കാര്യങ്ങളേയ്;
കണ്ടില്ലേ ഇസ്രായേലിന്റെ നരനായാട്ട്,
മനസ്സാക്ഷിള്ളോര്‍ക്ക് മിണ്ടാണ്ടിരിയ്ക്കാന്‍ പറ്റൊ?
എന്നിട്ടും നമ്മുടെ ഭാരതം എന്തെങ്കിലും പറഞ്ഞൊ,
അതെങ്ങന്യാ .. ഇപ്പൊ ജൂതമ്മാരല്ലെ നമ്മുടെ
സൈന്യത്തെ നിയന്ത്രിക്കുന്നത് അല്ല ഭരണകൂടത്തെ ..!!
ഭാരതത്തിന്റെ നില മെച്ചപ്പെട്ണൂന്ന് കണ്ടപ്പോ
ചോരകുടിയന്മാരായ ലോക പൊലീസേള്‍ക്ക്
ഇരിക്കപ്പൊറുതീല്ലാണ്ടായി.
അപ്പൊ പിന്നെ ന്തെങ്കിലും ചെയ്യാണ്ട് തരല്യാന്ന്
കരുതീട്ട് മുംബെയില്‍ കൊണ്ടന്ന് ദുരിതം വെതച്ചില്ലെ..?
ന്നിട്ട് ആര്‍ക്കാ നഷ്ടണ്ടായെ...?
നമുക്കെന്നെ.അവര്‍ക്കെന്താ നഷ്ടപ്പെട്ടത് ഒരു ജൂതകുടുംബം.
അതിപ്പൊ കണ്ടോളു അതിന്റെ പെരും പറഞ്ഞ്
ആയുധം വിറ്റ് കാശ് ഈടാക്കും.
എന്തൊക്കെ കാണണം ന്റെ ദൈവം തമ്പുരാനെ....
എല്ലാവര്‍ക്കും എന്റെ നവവത്സരാശംസകള്‍ നേരുന്നു.നേരുള്ളൊരു ജീവിതം പുലരാന്‍ ദൈവത്തിനോട് പ്രാത്ഥിക്കുന്നു.

'നിര്‍വചനം'

നിര്‍വചനം
തിരക്കെല്ലാം കഴിഞ്ഞു. എന്തെങ്കിലും എഴുതി കുറിക്കണ്ടെ, അങ്ങിനെ ഒന്നുരണ്ടെണ്ണം തിരിച്ചും മറിച്ചും എഴുതി പോസ്റ്റ് ചെയ്യണൊ വേണ്ടയൊ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി റോസി തോമസിന്റെ ഇവന്‍ എന്റെ പ്രിയ സിജെ എന്ന പുസ്തകം വായിക്കാനായത്. വായിച്ചു തുടങ്ങിയപ്പോള്‍ പുസ്തകം അടച്ചു വെയ്ക്കാനേ തോന്നിയില്യ. വളരെ ഇന്റ്രസ്റ്റിംഗ് ആയി തോന്നി. വായിച്ചു തീര്‍ന്നപ്പോഴേ താഴെ വെച്ചുള്ളു. രചനാശൈലി അപാരം തന്നെ.
'ഹൊ എന്തൊരു ധൈര്യം '
സംഗതി പോസറ്റീവ് ചിന്തയാണെങ്കിലും അത്രയൊക്കെ തുറന്ന് എഴുതണമായിരുന്നോ?.എന്നൊരു തോന്നലാണ്‌ എന്റെ ഉള്ളില്‍ തോന്നിയത്.

പ്രവാചകന്‍ മുഹമ്മദ്(സ)ന്റെ ഒരു വചനം ഓര്‍മ്മ വരുന്നു." നിങ്ങളില്‍ ഉത്തമ സ്ത്രീ സ്വന്തം ഇണയുടെ രഹസ്യങ്ങളെ സൂക്ഷിക്കുന്നവളാകുന്നു".

ഇന്നത്തെ സ്ത്രീകളില്‍ എത്രമാത്രം പേര്‍ അങ്ങനെ സൂക്ഷിക്കുന്നവരുണ്ട്?.

പുരുഷനോട് സ്വന്തം ഇഛക്കായി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞത് മൂന്ന് കാര്യങ്ങളാണത്രെ- ഒന്ന് സമാധാന പരമായ വീട്, രണ്ട് സഞ്ചരിക്കാനൊരു വാഹനം , മൂന്ന് സുശീലയായ ഭാര്യ.

ഇത് മൂന്നും ലഭിച്ചാല്‍ അവന്‍ തീര്‍ച്ചയായും സന്തുഷ്ടി ഉള്ളവനായിരിക്കണം . കാരണം, അങ്ങനെയുള്ള ദൈവേഛ ആശിക്കുന്നവനാണല്ലൊ പ്രാര്‍ത്ഥിക്കുന്നവനും .

ഈയിടെ ചില വീടുകള്‍ സന്ദര്‍ശിക്കാന്‍ ഇടയായി. വളരെ വലിയതും മുന്തിയ തരം കാറുമൊക്കെയുള്ള വീട്. ഞങ്ങള്‍ വീടിന്റെ കാളിംഗ് ബെല്‍ അല്ല ഓട്ടുമണി അടിച്ചു, നനഞ്ഞൊട്ടിയ ഗൃഹനായിക കതക് തുറന്നു. ഇരിക്കാന്‍ പറഞ്ഞു. അകത്തേക്ക് കയറിയ ഞങ്ങള്‍ ശരിക്കും വീര്‍പ്പുമുട്ടി. കാരണം , വില കൂടിയ തരം ഇരിപ്പിടങ്ങളുടെ ശോചനീയാവസ്ഥ തന്നെ. മൂത്രം മണക്കുന്ന സോഫകളും അലസമായ് കിടക്കുന്ന മറ്റു ഉരുപ്പിടികളും .!!!,പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുള്ള വീടാണെന്നു കൂടി അറിയണം ?.

ഇവിടെ ആരാണീ ശോചനീയാവസ്ഥക്ക് ഉത്തരവാദി. ഗൃഹനാഥനോ അതോ നായികയോ ?.

ചില സ്ത്രീകള്‍ ശഠിക്കാറുണ്ട് 'എന്താ അദ്ദേഹത്തിന്‌ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിച്ചാല്, ഞങ്ങള്‍ വെച്ചൊരുക്കി തരുന്നില്ലേ പിന്നെ എന്താ.....

' ശുദ്ധ മണ്ടത്തരം .......


അമ്മയ്ക്ക് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയുന്നതുപോലെ അഛന്‌ കഴിഞ്ഞോളണം എന്നില്ല. പുരുഷന്‌ വിഭവങ്ങള്‍ തേടാനും ശേഖരിക്കാനും അതെത്തിക്കാനും , സ്ത്രീ അത് പരമാവധി ഉപയോഗപ്പെടുത്തി സല്‍സ്വഭാവികളായ കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുകയുമാണ്‌ ചെയ്യേണ്ടത്.

എന്ന് വെച്ച് പുരുഷന്മാര്‍ക്ക് ഉത്തരവാദിത്തം ഇല്ലെന്ന് ഉറപ്പിക്കേണ്ടതില്ല. ഭാര്യമാര്‍ക്ക് തണലായി നില്‍ക്കാനും അവരുടെ പോരായ്മകളെ ഇകഴ്തി കാട്ടാതെ അനുഭാവപൂര്‍വ്വം തിരുത്തിക്കൊടുക്കാനും തയ്യാറാകേണ്ടതുണ്ട്.
ഒപ്പം സ്ത്രീകളായ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.
നല്ല സംസ്കാരത്തിന്നുടമകള്‍ക്കേ നല്ലൊരു കുടുംബിനി ആകാന്‍ കഴിയൂ. അത് പ്രകൃത്യാലും പാരമ്പര്യമായും വായനയിലൂടെയും മാത്രമേ ലഭിയ്ക്കൂ. സംസ്കാരം ഉണ്ടെങ്കിലേ അത് നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനാകൂ.
വൃത്തിയുള്ള വസ്ത്രം ധരിക്കുക എന്നത് ഒരു കുലീനസ്ത്രീകളുടെ ലക്ഷണമാണ്‌. അത് വൃത്തിയുള്ള മനസ്സിന്നുടമകള്‍ക്കേ സാധിക്കൂ. അങ്ങിനെ ആകുമ്പോഴേ സമാധാനവും സന്തോഷവും നമ്മുടെ വീട്ടില്‍ കളിയാടുകയുള്ളൂ.
അപ്പോഴേ ഭര്‍ത്താവ് ആഗ്രഹിച്ച സുശീലയായ ഭാര്യയെ നമുക്കും നല്‍കാന്‍ കഴിയുകയുള്ളു. അപ്പോഴല്ലേ 'ഭാര്യാ' എന്ന പദത്തിന്റെ ആദരവോടു കൂടിയുള്ള 'നിര്‍വചനം' പൂര്‍ണ്ണമാകുകയുള്ളൂ.

പെരുന്നാള്‍ പിറ

പെരുന്നാള്‍‌ ആശംസകള്‍

പുയ്യാപ്ല അവധിക്ക് വരുന്നു, പെരുന്നാളാഘോഷിക്കാന്‍‌..!!!!
അതോണ്ട് ച്ചിരി തിരക്കിലാണേ...
എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസിച്ചു കൊണ്ട്,
സുമയ്യയും നാലു പെണ്‍കുട്ടികളും


വിരുന്നുകാര്‍

എന്റേയും

നാലുപെണ്‍കുട്ടികളുടേയും

മനം നിറഞ്ഞ

ഓണാശംസകള്‍

..................................................................................
വിരുന്നുകാര്‍
കഴിഞ്ഞ മാസം അനുജനും കുടുംബവും അവധിക്ക് വന്നിരുന്നു. പതിവുപോലെ ഞങ്ങള്‍ അവരെ സ്വീകരിക്കാനായി പോകുകയും ചെയ്തു. മക്കള്‍ക്കായിരുന്നു ആവേശം മുഴുവനു. മാത്രമല്ല, അനുജനു പുതുതായി ജനിച്ച മോളെ കാണാനും വാരിപുണരാനും ഒക്കെയുള്ള മത്സരപദ്ധതികള്‍ അവര്‍ ആവിഷ്കരിച്ചിരുന്നു. എങ്കിലും, അവരുടെ കണ്‍മിഴികള്‍ കാത്തിരുന്നത് 'ഷാന്‍'എന്ന കുസൃതി പയ്യനിലായിരുന്നു.

അതെ....അവനെനിക്കും പുന്നാരയാണ്. നാട്ടിലായിരുന്നപ്പോള്‍ അവനെപ്പോഴും 'സുമിമ്മച്ചി' തന്നെയായിരുന്നു മുഖ്യം. അവന്റെ സങ്കടവും പരാതികളും എല്ലാം എന്നിലാണ്‌ അര്‍പ്പിച്ചിരുന്നത്. വികൃതിയുടെ കളിത്തോഴനായിരുന്നു അവനെങ്കിലും എനിക്കെന്നും അവനെന്റെ പുന്നാര കുസൃതിച്ചെക്കനാണ്. ഒരു മകന്റെ സ്നേഹം ഞാന്‍ അനുഭവിച്ചറിഞ്ഞതും അവനിലൂടെയാണ്‌.

"അവനാണെന്റെ മയ്യിത്തും കട്ടില്‍ ചുമക്കേണ്ടവന്‍“
ഭര്‍ത്താവില്‍ നിന്നും ഇടക്കിടെ ഇങ്ങിനെ കേള്‍ക്കുമ്പോള്‍ മനസ്സിനൊരു നോവനുഭവപ്പെടുമെങ്കിലും, അതൊരു യാഥാര്‍ത്ഥ്യമായി മുന്നില്‍ കണ്ടു. അദ്ദേഹവും അവനെ ഒട്ടേറെ സ്നേഹിക്കുന്നുണ്ട്. മാത്രമല്ല, എന്റെ വീട്ടില്‍ ഒരാണ്‍തരിയില്ലാത്തതിന്റെ പോരായ്മ എന്റെ ഉമ്മ ആവോളം അനുഭവിക്കുന്നത് ഞങ്ങള്‍ക്ക് ഒരു നിത്യാനുഭവമാണ്. അതുകൊണ്ടാകാം"വയസ്സുകാലത്ത് നമ്മുടേയും ഗതി ഇതൊക്കെതന്നെയാടൊ" എന്ന ആ ഒറ്റപ്പെടലിന്റെ ആത്മഗതം പലപ്പോഴും പുറത്തേക്ക് വരാറുള്ളത്.
"ഇല്ലെന്നേയ്....നമുക്കല്ലേ നമ്മുടെ മോനുള്ളത് "
എന്നു പറഞ്ഞ് ആ സജല നിമിഷങ്ങളെ ഞാന്‍ വഴി മാറ്റി വിടും.
(എന്റെ ഓരോ പായ്യാരം പറച്ചിലേയ്..........)

പ്രതീക്ഷിച്ചതുപോലെ തന്നെ, മോന്‍ സുമിമ്മച്ചീന്നും വിളിച്ച് ഓടി വന്നതും എന്റടുത്തേക്കായിരുന്നു വാരിയെടുത്തുമ്മവെച്ചും തലയില്‍ തലോടിയും ഞാനവനെ ചാരെയണച്ചു। വാസ്തവം പറയാലൊ... എല്ലാവരോടും കുശലം ചോദിക്കുന്നതിനിടയില്‍ ഞാനെന്റെ നാലുവയസ്സുകാരി(സമ)യെ മറന്നു. കാറില്‍ കയറാന്‍ നേരം മോളെ കാണുന്നില്ല. മനസ്സ് ഒന്ന് പിടഞ്ഞു. ( ഇപ്പോഴത്തെ കാലമല്ലേ...?). നോക്കിയപ്പൊഴുണ്ട് ആരെയോ കാത്തുനില്ക്കുന്നതു പോലെ, വിമാനത്താവളത്തിന്റെ സ്വീകരണവാതിലില്‍ അവള്‍ ....!!!?.
"എന്താ മോളെ....നമുക്ക് പോകണ്ടേ....?"

ഞാന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ ചോദിച്ചു.

"ഉമ്മച്ചീ...ഉമ്മച്ചീ....ഉപ്പച്ചി ഇനീം വന്നില്ലല്ലോ"!!?.

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം..!!

"ഉപ്പച്ചി പെരുന്നാളിനു വരും"

എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് വന്നു.
എങ്കിലും, ആ കുഞ്ഞു മനസ്സിന്റെ നോവ് ഞാനറിഞ്ഞു.
വര്‍ഷത്തില്‍ ഒരിക്കല്‍ വിരുന്നുകാരനെ പോലെ എത്തുന്ന ഉപ്പച്ചിയുടെ ഒരു വലിയ രൂപം ആ ഇളം മനസ്സിലെ കാന്‍‌വാസില്‍‌ ഞാന്‍ മെനഞ്ഞിരുന്നു. കൂട്ടികൊണ്ടു പോരുമ്പോഴും അവള്‍ തിരിഞ്ഞു നോക്കിക്കൊണ്ടേ യിരുന്നു.

ഇളം മനസ്സിന്റെ നൊമ്പരങ്ങള്‍ നാം അന്നം തേടുന്ന തത്രപ്പാടില്‍ അറിയാതെ പോകുന്നു. തെല്ലൊരിടങ്ങേര്‍ ഹൃദയത്തില്‍ ധ്വനിയുണര്‍ത്തിയെങ്കിലും ആ ധ്വനിയുടെ അകലം മോന്റെ സാമീപ്യം കുറച്ചു തന്നു. അല്ലെങ്കിലും എല്ലാം സഹിക്കേണ്ടവളാണല്ലോ ഗള്‍ഫുകാരന്റെ ഭാര്യ.


യാത്രയിലുടനീളം മോന്‍ എന്റെ അടുത്തു തന്നെയായിരുന്നു. സമയ്ക്ക് അത് അത്രയ്ക്കങ്ങോട്ട് പിടിയ്ക്കുന്നില്ലെന്ന് തോന്നുന്നു. 'കുനിട്ടും പോരും' പ്രകടമായി തുടങ്ങിയിട്ടുണ്ട്. എന്റുമ്മച്ചി...എന്റുമ്മച്ചി ന്ന് പറഞ്ഞ് ഇടി കൂടാന്‍ തുടങ്ങിയിരിക്കുന്നു അവര്‍ പരസ്പരം. ഇതൊന്നുമറിയാതെ മനോഹരമായി ചിരിച്ചു കൊണ്ട് തറവാട്ടിലെ പുതിയ താരം 'ഹണി മോള്‍ '(ഹനിന്‍) ഞാനൊന്നറിഞ്ഞില്ലേ...എന്നമട്ടില്‍ യാതൊരപരിചിതത്വവും കാണിക്കാതെ എന്റെ മൂത്തവളായ മഞ്ചുവിന്റെ മടിയില്‍ ഇരിപ്പുണ്ട്.

ഉറക്കത്തിന്റെ ആലസ്യം അലട്ടിയതിനാലാവണം അധിക പേരും മയക്കത്തിലേക്കു വഴുതിയിരിക്കുന്നു। ഞാനും ഒരൂട്ടം ആലോചിച്ചു കൊണ്ടും ഇരുന്നു। നീണ്ട പതിനഞ്ച് വര്‍ഷക്കാലത്തെ ദാമ്പത്യജീവിതത്തില്‍ ഒരുമിച്ച് ജീവിച്ചത് ഏകദേശം രണ്ടു വര്‍ഷക്കാലം । അതും പലപ്പോഴായി, മനസ്സില്‍ ഒരു നല്ല ചിത്രം വരച്ച് വരുമ്പോഴേക്കും യാത്രയാകും . തന്നിട്ടു പോയ സുന്ദര മുഹൂര്‍ത്തങ്ങളെ അനശ്വരമാക്കി മക്കളിലേക്ക് പകര്‍ന്നു നല്‍കി അന്യമായിരുന്ന ഉപ്പച്ചിയെ അവരുടെ മനസ്സില്‍ ഞാന്‍ ജീവിപ്പിച്ചു. ഇന്നവര്‍ക്ക് ഉപ്പച്ചി ജീവനാണ്. ഒരു ഭര്‍ത്താവിനു വേണ്ടി ഇതില്‍ കൂടുതല്‍ എന്താണ്‌ ചെയ്യേണ്ടത്....?
"ഉമ്മച്ചി പ്പൊ ന്താ ആലോചിച്ചത്....; ഉപ്പച്ചിയെ കുറിച്ചല്ലെ......?ഞാനും അങ്ങനെ തന്നെയായിരുന്നു." രണ്ടാമത്തെ മകള്‍ 'ചിഞ്ചു'വിന്റെ ചോദ്യവും ഉത്തരവുമായിരുന്നു അത്.
പിന്നീടെപ്പോഴൊ ഞാനും ചെറുതായൊന്നു മയങ്ങി। മൂന്നാമത്തവള്‍ 'മീനു'വിന്റെ വിളി കേട്ടാണു ഞാനുണര്‍ന്നത്.
"ഉമ്മച്ചീ വീടെത്തി".
****************************************************
“ഹയ്യോ....ഈ പിള്ളാരെ കൊണ്ടു ഞാന്‍ തോറ്റു“.
രണ്ടു പേരും വികൃതിയുടെ തകൃതിയിലാണ്. എന്തിനും ഏതിനും മത്സരം. എന്നിരുന്നാലും രണ്ടു പേര്‍ക്കും ഒരിക്കലും പിരിഞ്ഞിരിക്കാനും കഴിയില്ല. എന്നാല്‍, കണ്ടുമുട്ടിയാലോ!!!; കീരിയും പാമ്പും പോലെയാണ്. സമ ഒരു വിധത്തിലും വിട്ടു കൊടുക്കാന്‍ തയ്യാറില്ല. ഭയങ്കര വാശിക്കാരിയാണവള്‍‌. ശരിയ്ക്കും ഞാന്‍ വശം കെട്ടൂന്ന് പറയാലൊ.

ന്തായാലും അവന്‍ കിട്ടിയ സ്വാതന്ത്ര്യം ആസ്വതി‍ക്കുകയാണ് ഒച്ചയും ബഹളവുമൊക്കെയായിട്ട്, കൂ‍ട് തുറന്നു വിട്ട കിളിയെ പോലെ.

ദിനങ്ങള്‍‌ ഓരോന്നും കൊഴിഞ്ഞു തീര്‍ന്നു കൊണ്ടിരിക്കുകയാണ്। അവധിക്ക് വന്നരെ കണികാണാന്‍ പോലും കിട്ടുന്നില്ല। ന്നാലും മോനെവിടേയും പോകില്ല।
അല്ലേലും ആരെങ്കിലും ഗള്‍ഫീന്ന് വന്നാല്‍‌ അവരുടെ ഗതികേടാ...(?)। മുഴുവന്‍‌ യാത്ര തന്നെ, കുടുംബാംഗങ്ങളുമായി ചിലവഴിക്കാന്‍‌ ‍ഒരിക്കലും അവന് സമയം കിട്ടാറില്ല. ഇങ്ങിന്യാച്ചാ വരാതിരിക്യാ ഭേധം. പോയില്യങ്കിലോ..? പരിഭവം പറച്ചിലാ എല്ലാര്‍ക്കും. എന്റെ കെട്ട്യോന്റെ അവസ്ഥയും വിഭിന്നമല്ല. ബാക്കിള്ളോര്‍ നോമ്പും നോറ്റ് കാത്തിരിക്കുന്നത് വെറുത്യാ. അത്രയ്ക്ക് സങ്കടം തൊന്നും.

അവസാനം ആ ദിനവും വന്നടുത്തു. വീട്ടിലെ ഉത്സവഛായ മങ്ങി......; ഒരു തിരിച്ചു പോക്കിന്റെ ഒരുക്കങ്ങള്‍‌....മോന്‍ ഒന്നുമറിയാതെ കളിയില്‍ തന്നെയാണ്.
“ഷാന്‍ ഒരുങ്ങിക്കോ... നമുക്ക് പോകണ്ടേ..?”
“എങ്ങോട്ട്”“ഗള്‍ഫില്‍ക്ക്”
“ഇല്ല,.. ഞാനില്ല.. ഉമ്മച്ചി പൊയ്ക്കോ”


മോന്റെ മട്ടും ഭാവവും മാറി, സന്തോഷമെല്ലാം സങ്കടത്തിന് വഴിമാറി കൊടുത്തു. അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി. ഒരു നിലയ്ക്കും കുട്ടി പോകാന്‍‌ സമ്മതിക്കുന്നില്ല. നിര്‍ബന്ധിച്ച് വസ്ത്രം മാറി യാത്രക്ക് തയ്യാറായിട്ടും അവന്‍‌ ഉറച്ച നിലപാടില്‍‌ തന്നെ.
“സുമിമ്മച്ചീ ന്നെ കൊണ്ടോകല്ലേന്ന് പറ....നിക്കാരാ അവിടെള്ളത്”
മോന്‍‌ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. യാത്രയാക്കാന്‍ വന്നരെയെല്ലാം കണ്ണീരണിയിച്ചു. എന്റെ മനസ്സില്‍‌ സങ്കടത്തിന്റെ പെരുമ്പറയടിച്ചു. ഒപ്പം കണ്ണീരും പെയ്തിറങ്ങി. അവനെ അവര്‍‌ ഹൃദയത്തില്‍‌ നിന്നും പറിച്ചെടുക്കും പോലെ പിടിച്ചു കൊണ്ടു പോയി. ഇനിയൊരു കാത്തിരിപ്പിന്റെ നീളം കണക്കാക്കാന്‍ ആകാതെ........... എനിക്ക് തടയാനാവില്ലല്ലോ..?.അവന്റെ തേങ്ങലുകള്‍ക്ക് മുന്‍പില്‍ ഞാന്‍ നിസ്സഹായയായി. അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് യാത്രാമംഗളമേകി.
‘അല്ലാഹുമ്മ സഹ്ഹറ ലെനാ.............’

പിടയുന്ന വാല്‍‌കഷ്ണം.......
നാം അറിയാതെ പോകുന്ന കുഞ്ഞു മനസ്സിന്റെ താളങ്ങള്‍

നാലു പെണ്‍കുട്ടികള്‍ഞാന്‍‌ സുമയ്യ
തൃശൂര്‍‌ ജില്ലക്കാരി
ഗുരുവായൂര്‍‌ ലിറ്റില്‍‌ ഫ്ലവര്‍‌ കോളേജില്‍‌ നിന്ന് ബിരുദം
വിവാഹിത
ഭര്‍ത്താവ് വിദേശത്ത്
ഞങ്ങള്‍ക്ക് ‘നാലു പെണ്‍കുട്ടികള്‍’
മുന്‍പ് ഒരു സ്വകാര്യ സ്കൂളില്‍‌ ജോലി നോക്കിയിരുന്നു,
ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം;

ഒരൂസം സ്കൂള്‍ വിട്ടു വന്ന നേരം, ഉമ്മ പതിവില്ലാതെ പത്രത്തില്‍ കാര്യമായി നോക്കുന്നത് കണ്ടു.
"എന്താ ഉമ്മാ പ്രത്യേകിച്ച്" എന്ന് ചോദിച്ചു കൊണ്ട് ഞാനും പത്രത്തിലേക്ക് തലയിട്ടു നോക്കി.
ഒരു പീഡനക്കേസാണ്...!!!അന്നെന്റെ പ്രായം പത്തൊ പതിനൊന്നൊ ആണെന്ന് തോന്നുന്നു.
എന്റെ മനസ്സില്‍ പീഡനം എന്ന വാക്ക് കുരുങ്ങിക്കിടന്നു.
പിന്നെയും ഞാന്‍ തലയിട്ടപ്പോള്‍ ....."മണക്കുന്നൂലോകുട്ടീ... പോയി കുളിച്ചോണ്ടും വരൂ".എന്റെ മനസ്സ് മുഴുവന്‍ പീഡനത്തിലായി.കുളി എങ്ങിനെയോ കഴിച്ചു. വന്നപ്പോഴേക്കും, ഉമ്മ ചായ ഉണ്ടാക്കാന്‍ പോയിരുന്നു. ഞാന്‍ ആര്‍ത്തിയോടെ പത്രം എടുത്തു വായിച്ചു.പീഡനം........മനസ്സില്‍ ആശങ്ക വര്‍ദ്ധിച്ചു.ഉമ്മ ചായ എടുത്തു വന്നതും..!!

"എന്താ ഉമ്മാ പീഡനം ന്ന് പറഞ്ഞാല്‍..?"
ഉമ്മ ഒന്ന് ഞെട്ടി,"അത് മോളെ....നീ ആ പത്രം എടുത്തു വായിച്ചു...... ല്ലെ..?।
ഉമ്മ പറയാന്‍ മടിച്ചു. എന്റെ നിര്‍ബന്ധത്തിനു മുന്നില്‍ എന്തെങ്കിലും പറയാതെ നിവൃത്തി ഇല്ലായിരുന്നു. പറഞ്ഞ കൂട്ടത്തില്‍ ചിലതെന്റെ മനസ്സില്‍ പതിഞ്ഞു. അന്യ പുരുഷന്മാരുമായി സംസാരിക്കരുത്, തൊടരുത് എന്നൊക്കെ. പിന്നീടുള്ള എന്റെ ചലനങ്ങളൊക്കെ വളരെ ശ്രദ്ധിച്ചായിരുന്നു. എന്തിനേറെ, ബസ് കണ്ട്ക്റ്റര്‍ ബാക്കി പൈസ തരുന്ന സമയത്ത് എന്റെ കൈവെള്ളയില്‍ തൊട്ടാലൊ..?, അപ്പോള്‍ ഞാന്‍ പീഡിതയാവില്ലേ, ഗര്‍ഭം ധരിച്ചാലൊ...?..... അങ്ങിനെ ഒട്ടേറെ സംശയങ്ങളും.....!. കോളേജിലൊക്കെ ചെര്‍ന്നു ഒരു തിരിച്ചറിവ് ഉണ്ടാകുന്നത് വരെ ഇത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തിപ്പോന്നു.

പിന്നീട്, കാലം എന്നെ മങ്ങല്യത്തില്‍ എത്തിച്ചു, ഞാന്‍ നാലു പെണ്‍കുട്ടികളുടെ അമ്മയായ. അവര്‍ വളരുംതോറും അവര്‍ക്കും സംശയങ്ങള്‍ കൂടിവന്നു. സംശയനിവാരണത്തിന് ഞാന്‍ നിര്‍ബന്ധിതയായി അല്ലെങ്കില്‍ ഞാനതിന്‌ ബാധ്യസ്ഥയായി.അങ്ങിനെ ഒട്ടേറെ കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും കാര്യങ്ങള്‍ അവരെ പറഞ്ഞു ബോധിപ്പിച്ചു. അവര്‍ തൃപ്തരായി, മാത്രമല്ല എല്ലാ വൈകുന്നേരവും ഞങ്ങള്‍ ഒത്തുകൂടി കഥയും കവിതയും കളിയും കാര്യവുമായി സമയം ചിലവഴിച്ചു. ഞങ്ങള്‍ ചെങ്ങാതികളെ പോലെ ആയി. അവര്‍ക്കെന്നിലെ അമ്മയെ അറിയാന്‍ കഴിഞ്ഞു. എനിക്കവരിലെ സ്നേഹത്തേയും സര്‍ഗ്ഗവാസനയും അറിയാന്‍ കഴിഞ്ഞു. ഞാന്‍ തീര്‍ത്തും സന്തോഷവതിയായി.
ക്ഷമിക്കണം കുറെ കത്തിയടിച്ചു ബോറടിപ്പിച്ചു...ഇല്ല? ഒരു തുടക്കക്കാരിയുടെ അസ്ക്യതയായി കണക്കാക്കുക.

അങ്ങിനെ ഞങ്ങളിലൂടെ ഉരുത്തിരിഞ്ഞ കാലീകപ്രസക്തിയുള്ള രചനകളും മറ്റു പാചക വാചക കസര്‍ത്തുകളും എഴുതണം ന്ന് തീരുമാനിച്ചപ്പോള്‍ ഭര്‍ത്താവാണ്‌ ഈ ബൂലോഗത്തേയും ബൂലോഗവാസികളെയും കുറിച്ച് പറഞ്ഞു തന്നതും ഇങ്ങനെയൊക്കെ ആക്കിത്തന്നതും.
ആയതിനാല്‍ ഈ പോസ്റ്റോടു കൂടി ഞാന്‍ ദൈവത്തെ ധ്യാനിച്ച് 'ഹരിശ്രീ' കുറിക്കട്ട......
ബൂലോഗത്ത് ഞാന്‍ നടുന്ന അക്ഷരത്തൈകള്‍ക്ക് വെള്ളവും വളവും തന്ന് നിങ്ങളെന്നെ അനുഗ്രഹിക്കണം.
സ്നേഹപൂര്‍വ്വം,
സുമയ്യ.
 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates