അഭിലാഷം

അടുത്തിടെ ശ്രീനിവാസനും മകന് വിനീത് ശ്രീനിവാസനും അച്ഛനും മകനും ആയി വേഷമിട്ട മകന്റെ അച്ഛന് എന്ന സിനിമ കാണുകയുണ്ടായി. മലയാള സിനിമ മൂല്യങ്ങളിലേക്ക് തിരിച്ച് വരുന്നു എന്ന ശുഭസൂചനയാണ് ആ സിനിമ കണ്ടപ്പോള് എനിയ്ക്ക് തോന്നിയത്. എന്നാല്, എന്റെ വിഷയം അതല്ല. ആ സിനിമ കണ്ടപ്പോഴാണ് ചില സംഭവങ്ങള് എന്റെ മനസ്സില് ഓടിയെത്തിയത്. അതില് ബിന്ദു പണിക്കരും സലീം കുമാറും യഥാക്രമം ഭാര്യാഭര്ത്താക്കന്മാരായി വേഷമിടുന്നുണ്ട്. അവര്ക്ക് കുഞ്ഞുങ്ങളില്ല. കുഞ്ഞുങ്ങളില്ലാത്ത ദു:ഖം സലീം കുമാറിന്റെ കഥാപാത്രം മധുപാനത്തിലൂടെ മറക്കാന് ശ്രമിക്കുന്നു. പാവം ഭാര്യാകഥാപാത്രം മന്ത്രതന്ത്രാദിവിഡ്ഡിപ്പരമ്പരയിലൂടെ മുന്നോട്ട് പോകുന്നു. പുരുഷ സ്പര്ശമേല്ക്കാതെ കുഞ്ഞുണ്ടാവാന് ആ കഥാപാത്രം കന്യാമറിയമൊന്നുമല്ലല്ലോ....?

നേരിട്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ ചില സംഭവങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം. മകളെ എഞ്ചിനീയര് ആക്കുക എന്നത് എഞ്ചിനീയര് ആയ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. ആ അച്ഛന് രണ്ടുമക്കളാണ്. രണ്ടും പെണ്കുട്ടികള്. മിടുക്കികളായ ആ മക്കള് പഠിക്കുകയും അച്ഛന്റെ ആഗ്രഹങ്ങള്ക്കനുസരിച്ച് വളരുകയും ചെയ്തു. പുണ്യം എന്നല്ലേ പറയേണ്ടൂ, മൂത്തമകള് ഉദ്ദേശിച്ചപോലെ എഞ്ചീനിയറാവുകയും ചെയ്തു. ആ അച്ഛനും കുടുംബത്തിനും ഇതില് പരം സന്തോഷത്തിന് വകയില്ലായിരുന്നു. അങ്ങനെ മകളെ ഗള്ഫിലേക്ക് കൊണ്ടുവരികയും നല്ലൊരു കമ്പനിയില് മാന്യമായ ജോലി വാങ്ങി കൊടുക്കയും ചെയ്തു. അച്ഛന്റെ കടമയുടെ അടുത്ത പടി എന്നവണ്ണം മകളുടെ വിവാഹത്തെ കുറിച്ചായി അയാളുടെ ചിന്ത. അങ്ങിനെ എഞ്ചീനീയറായ ഒരു വരനെ തേടിപ്പിടിക്കയും വളരെ സന്തോഷപൂര്വ്വം തന്നെ വിവാഹം നടക്കുകയും ചെയ്തു. വരനെ ഗള്ഫിലേക്ക് കൊണ്ടുവരികയും നല്ലൊരു ജോലി തരപ്പെടുത്തുകയും ചെയ്തു. അതു മാത്രമല്ല, വരന്റെ സഹോദരങ്ങളേയും കൊണ്ടു വന്ന് നല്ല ജോലികള് വാങ്ങി കൊടുക്കുകയും ചെയ്തു ആ നല്ലവനായ അച്ഛന്. അങ്ങിനെ സന്തോഷപൂര്വ്വം ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു. ഒരു സായാഹ്നത്തീല് അയാളുടെ ഭാര്യചോദിച്ചു. ‘ദേയ്, ബിന്സിയുടെ വിവാഹം കഴിഞ്ഞ് ഏതാണ്ട് ഒരു കൊല്ലമായി, അവള്ക്ക് വിശേഷത്തിന്റെ ലക്ഷണമൊന്നും കാണുന്നില്ലല്ലോ?’

‘ഹേയ്...ഇപ്പോഴത്തെ പിള്ളാരല്ലേ, അവര്ക്ക് എന്തെങ്കിലും പ്ലാനിംഗ് എല്ലാം ഉണ്ടാകും’ ആ അച്ഛന് അത് കാര്യമായെടുത്തില്ല.

‘അതൊന്നുമല്ലന്നേയ്...എന്തൊ ചില പ്രശ്നങ്ങള് ഉണ്ടെന്ന് തോന്നുന്നു.

ഞാനതിനെ കുറിച്ച് അന്വേഷിച്ചപ്പോള് അവളുടെ മുഖത്തെ വല്ലായ്മ ഞാന് ശ്രദ്ധിച്ചിരുന്നു. അവളെന്തൊക്കെയോ മറയ്ക്കുന്നതായെനിയ്ക്ക് തോന്നി. കുത്തികുത്തി ചോദിച്ചപ്പോള് അവളില് നിന്നും ഒരു തേങ്ങലാണ് ഉയര്ന്നത്. എനിയ്ക്കെന്തോ...’ വാക്കുകള് മുഴുമിപ്പിക്കാനാകാതെ ആ അമ്മ കരയാന് തുടങ്ങി.

‘നീ കരയാതെ.......... നമുക്കന്വേഷിക്കാം’.

കുടുബസ്നേഹിയായ അയാള് ഭാര്യയെ സമാധാനിപ്പിച്ചു. ആ സായാഹ്നം അങ്ങിനെ കടന്നു പോയി എങ്കിലും അയാളുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. അയാള്ക്ക് അന്നുറങ്ങാന് കഴിഞ്ഞില്ല. ഒരച്ഛന് മകളോട് നേരിട്ടന്വേഷിക്കാവുന്ന കാര്യമല്ലല്ലോ ഇത്. അവസാനം വളരെ അടുത്ത സുഹൃത്തിന്റെ മകളുടെ സാന്നിധ്യത്തില് അന്വേഷിച്ചറിഞ്ഞു. വിവാഹം കഴിഞ്ഞിട്ട് ഒരു വര്ഷമായിട്ടും ഒരിക്കല് പോലും ലൈംഗീക ബന്ധം പുലര്ത്തിയിട്ടില്ല എന്ന് അറിഞ്ഞ് ആ കുടുംബം മാനസീകമായി തകര്ന്നു പോയി. കാര്യകാരണങ്ങളുടെ ചുരുളുകള് അഴിക്കാന് ശ്രമിച്ചപ്പോഴാണ് തങ്ങളുടെ മരുമകന് ‘ലംഗീക’ശേഷി ഇല്ല എന്ന സത്യം പുറത്ത് വന്നത്.

ബിന്സി പലപ്പോഴായി ചികിത്സക്ക് വേണ്ടി നിര്ബന്ധിച്ചു. എങ്കിലും അയാളതിന് കൂട്ടാക്കിയില്ല. തന്റെ ഭര്ത്താവിനോടുള്ള സ്നേഹം കൊണ്ടും ആ കുടുംബത്തിനുണ്ടാകാന് പോകുന്ന നാണക്കേട് ആലോചിച്ചും ആരേയും അറിയിക്കാതെ അവള് സ്വയം ഉരുകിത്തീരുകയായിരുന്നു. പക്ഷെ, ആ അച്ഛന് മിണ്ടാതിരിയ്ക്കാന് കഴിഞ്ഞില്ല. മരുമകനെ ചികിത്സക്കായി ഉപദേശിക്കയും ഈ വിവരം അവന്റെ വീട്ടുകാരെ അറിയിക്കയും ചെയ്തു. കഷ്ടം എന്നു പറയട്ടെ, അവരുടെ മറുപടി തികച്ചും വേദനാജനകമായിരുന്നു.

‘എത്രയോ ആള്ക്കാര് കുട്ടികളില്ലാതെ ജീവിക്കുന്നു. അതുപോലെ ഇവരും ജീവിച്ചോളും. ഇനീപ്പൊ ഡിവോസ് വേണമെങ്കില് പള്ളിയില് പോയി പറഞ്ഞോളൂ. സഭ അനുവദിക്കുകയാണെങ്കില് ഞങ്ങള് തയ്യാര്’.

സഭാചട്ടം വിവാഹ മോചനത്തിന് അനുകൂലമല്ലാത്തതിനാല് ആ പെണ്കുട്ടിയുടെ അമ്മ ആവുക എന്ന ആഗ്രഹത്തിന്ന് ഇരുള് വീണു.

ഇതിനു സമാനതയുള്ള മറ്റൊരു സംഭവം പറയാം. റസീന കുന്നംകുളത്തെ ഒരു സ്കൂളിലെ ടീച്ചര് ആണ്. ഭര്ത്താവ് തൃശ്ശൂരിലെ പ്രമുഖ വ്യവസായിയും. നടേ പറഞ്ഞ സംഭവത്തിലെ അതേ പ്രശ്നം തന്നെയാണ് അയാള്ക്കും. പക്ഷെ, അത് പുറത്തറിഞ്ഞാല് കൊന്ന് കളയും എന്ന ഭീഷണിയും അകാരണമായി ദേഹോപദ്രവും. ഇതുകൂടാതെ ഭര്തൃവീട്ടുകാരുടെ ‘മച്ചി’യാണെന്ന് പറഞ്ഞുള്ള അവഹേളനവും. അവസാനം സഹികെട്ട് അവര് ആ വീട് വിട്ട് ഇറങ്ങിപ്പോന്നു. വിവാഹമോചനത്തിന് കേസിലാണിപ്പോള്.

സ്ത്രീധനമായി കൊടുത്ത സ്വര്ണ്ണത്തിന്റേയും പണത്തിന്റേയും പുട്ടടിച്ചത്തിന്റെ കേസ് വേറെയും.സ്ത്രീകള്, പുരുഷ കാരണങ്ങളാല് മാത്രം ഇത്ര കടുത്ത അവഹേളനം നേരിടുന്നുണ്ട്.സ്ത്രീകള്ക്കായിരുന്നു ഈ കുറ്റവും കുറവും ആയിരുന്നു എന്കിലോ..?, അവിടെ പുരുഷന് സഭാചട്ടങ്ങളും മൊഴി ചൊല്ലലും പ്രശ്നമേ അല്ല. അവരുടെ ഇഷ്ടം പോലെ ആകാം.

ഇതാ ഇതുകൂടെ വായിച്ചോളൂ...

ഹലീമ, വളരെ പാവപ്പെട്ട സ്ത്രീ വിവാഹ പ്രായം കഴിഞ്ഞിട്ടും ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ് അവര്ക്ക് മംഗല്യഭാഗ്യം ലഭിക്കുന്നത്. അങ്ങിനെ ഒന്നര വര്ഷം നീണ്ട സന്തുഷ്ടിയുള്ള ആ ദാമ്പത്യബന്ധത്തില് അവര്ക്ക് കുഞ്ഞുങ്ങളുണ്ടായില്ല. അവര് ഡോക്ടറെ കാണുന്നു. പ്രശ്നം ഹലീമയുടേതാണ്. അവര്ക്ക് കുഞ്ഞുങ്ങളുണ്ടാവില്ല എന്ന് ഡോക്ടര് തീര്ത്ത് പറഞ്ഞു. സമാധാനപരമായ ജീവിതത്തില് ശോകത്തിന്റെ കരിനിഴല് വീണു. അവളുടെ നല്ലവനായ ഭര്ത്താവ് അവളെ സമാധാനിപ്പിച്ചു.

“നമുക്ക് വേറെ ഡോക്ടറെ കാണാം. അല്ലെങ്കില്, നമുക്ക് കുഞ്ഞുങ്ങളുമൊത്ത് ഒരു ജീവിതം പടച്ചവന്
വിധിച്ചിട്ടില്ലായിരിക്കാം എന്ന് കരുതി സമാധാനിച്ച് ജീവിക്കാം”.

എന്നാല് ഹലീമയുടെ തീരുമാനം മറിച്ചായിരുന്നു. അവള് ഭര്ത്താവിനോട് പറഞ്ഞു.

“നിങ്ങള് വേറെ വിവാഹം കഴിക്കണം. എന്റെ കാര്യം മറന്നേക്കുക”.

അങ്ങനെ അവള് നിര്ബന്ധപൂര്വ്വം വിവാഹ ബന്ധം വേര്പെടുത്തി അയാള്ക്ക് വേറൊരു ജീവിതം സമ്മാനിച്ചു. ഒട്ടും വിദ്യാഭ്യാസമില്ലാത്ത സ്ത്രീയാണെന്ന് കൂടി ചേര്ത്ത് വായിക്കണം.

ഇതാ ഇത് കൂടി എഴുതിക്കൊണ്ട് ഞാന് അവസാനിപ്പിക്കാം. എടവനക്കാട് ഭാഗത്തെ ഒരു സാമൂഹിക പ്രവര്ത്തകന് അദ്ദേഹത്തിന്റെ ഭാര്യ സാമൂഹിക പ്രവര്ത്തകയും സമീപപ്രദേശത്തെ അനാഥാലയത്തിലെ സ്കൂളിലെ അധ്യാപികയും ആണ്. വിവാഹം കഴിഞ്ഞു വര്ഷങ്ങളായി. ഇതുവരെയും കുഞ്ഞുങ്ങളില്ല...?.

ആ ഇടയ്ക്കാണ് അതേ സ്ഥാപനത്തിലെ വാര്ഡനായി ശാഹിദ ജോലിയില് ഏര്പ്പെടുന്നതും. അവളോ, ഒരു ദുരന്ത നായികയും. രണ്ട് വിവാഹം കഴിഞ്ഞു. രണ്ടും ഭര്ത്താവിനാലും ഭര്തൃകുടുംബത്തിനാലും ജീവിക്കാന് പറ്റാത്ത അവസ്ഥയില് വിവാഹമോചനം തേടേണ്ടി വന്നു. ശാഹിദയുമായുള്ള സ്നേഹബന്ധം അവസാനം സ്വന്തം ഭര്ത്താവിന് ശാഹിദയെന്ന മറ്റൊരു ഭാര്യയെ സമ്മാനിച്ചു കൊണ്ട് സസന്തോഷം ഒരുമിച്ച് കുടുംബ ജീവിതം നയിക്കുന്നു. തനിക്ക് കുഞ്ഞുങ്ങള് ഉണ്ടായില്ലെങ്കിലും വേണ്ടില്ല ഭര്ത്താവിനെങ്കിലും അത്തരം ജീവിതം ഉണ്ടാകട്ടെ എന്ന് കരുതി തനിക്ക് കിട്ടേണ്ട സ്നേഹവും മറ്റും മറ്റൊരുത്തിക്ക് കൂടെ പങ്കുവെച്ച് നല്കുകയായിരുന്നു അവര്.

ഒരെല്ല് കൂടുതല് പുരുഷനെന്ന് അഭിമാനിക്കുന്നവര് സ്ത്രീകളുടെ സഹനശക്തിക്കു മുന്പില് അവരുടെ അഭിമാനം അടിയറ വെക്കേണ്ടിവരും എന്നേ എനിയ്ക്ക് പറയാനുള്ളു. ഒന്നുകൂടി ഓര്ക്കുക,ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമാക്കതെ തന്റെ പരമ്പരയുടെ നിലനില്പിന്റെ കൂടി ഭാഗമാണെന്ന് മനസ്സിലാക്കുക. കുഞ്ഞുങ്ങള് വേണ്ട തന്റെ മകന്റെ അഭിമാനമാണ് വലുതെന്ന് കരുതി മരുമകളുടെ കുത്തിന് പിടിക്കുന്ന അമ്മമാര് ഉണ്ടല്ലൊ ...തങ്ങളും ഒരു സ്ത്രീയാണെന്നത് മറക്കാതിരിക്കുക. എന്റെ പ്രിയപ്പെട്ട സഹോദരിമാരെ,.. തങ്ങളുടെ പ്രയാസങ്ങളേയും പ്രശ്നങ്ങളേയും ഉള്ളില് ഒതുക്കാതെ അത് പരിഹരിക്കപ്പെടാന് ശ്രമിക്കണം. ഒട്ടേറെ സംഘടനകള് ഇന്ന് നിലവിലുണ്ട് അവരുമായി സഹകരിക്കുക.

എല്ലാ പുരുഷന്മാരും പ്രശ്നക്കാരാണെന്ന് ഞാനൊരിക്കലും ഉന്നയിക്കുന്നില്ല. അഭ്യസ്തവിദ്യരായ പുരുഷന്മാരാണ് അധികവും ഇത്തരം സംഭവ പരമ്പരയുടെ കേന്ദ്രബിന്ദു എന്നതും ഞാനിവിടെ മറച്ചു വെയ്ക്കുന്നില്ല. എന്ന് വെച്ച് ഞാനൊരു പുരുഷ വിരോധിയൊന്നുമല്ല കേട്ടൊ. ഭ്രൂണം ഉടച്ചും വന്ധ്യംകരണം നടത്തിയും പിറക്കാതെ പോകുന്ന കുഞ്ഞുങ്ങള് ഉണ്ടല്ലോ..? അവരുടെ ഭ്രൂണവിലാപം ഈ ഭൂമിമലയാളത്തിലെ സകലമാനമനസ്സുകളേയും പ്രകമ്പനം കൊള്ളിക്കട്ടെ.
 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates