ഇനിയൊരു അമ്മദിനം കൂടി....


പ്രിയപ്പെട്ട അമ്മയ്ക്ക്,
“അമ്മയ്ക്ക് സുഖമാണല്ലൊ അല്ലേ?.ഞങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നു.ഇത്തവണയും നാട്ടില്‍ വരാന്‍ ഒക്കുമെന്ന് തോന്നുന്നില്ല. കാരണം,പുതിയ പ്രതിസന്ധി തന്നെ. അമേരിക്കയില്‍ വളരെ പ്രശ്നങ്ങളാണ്......”

വിലാസിനി റ്റീച്ചര്‍ വായനയ്ക്കിടയില്‍ ചിന്തയിലാണ്ടു;

‘ആണായിട്ടും പെണ്ണായിട്ടും ഒന്നേ ഉള്ളു. നാലു വര്‍ഷമായി ഈ പതിവ് പല്ലവി തന്നെ. ഓരോ തവണയും ഓരോ കാരണങ്ങളാണ്. ഒരു തവണ അവന്‍റെ ഭാര്യയുടെ അമ്മച്ചിയെ അങ്ങോട്ട് കൊണ്ടു പോകുന്നത് കൊണ്ടായിരുന്നു. അവള്‍ക്ക് അമ്മച്ചി ഇല്ലാതെ ജീവിക്കാന്‍ ഒക്കത്തില്ലത്രേ...അത്ര പ്രയാസപ്പെട്ട് അവിടെ തന്നെ നില്‍ക്കേണ്ട ഒരാവശ്യവും ഇല്ല. അവന്‍റെ അച്ഛന്‍ സമ്പാദിച്ച് വെച്ചത് തന്നെ ധാരാളം.ആ നസ്രാണിച്ചി പെണ്ണിനെ കല്യാണം കഴിച്ചതോട് കൂടി അവന്‍റെ എല്ലാ ബന്ധവും അറ്റതു പോലെയാണ്. അവനിവിടെ വന്ന് ജോലിയും എടുത്ത് ജീവിക്കാമായിരുന്നില്ലേ. അമ്മയ്ക്ക് മക്കളുടെ സ്വത്തും ധനവും ഒന്നും വേണ്ട. ദൈവം സഹായിച്ച് എന്‍റെ പെന്‍ഷന്‍ പണം മതി എനിയ്ക്ക് ജീവിക്കാന്‍. വയസ്സ് കാലത്ത് നിങ്ങടെ സ്നേഹമാ മോനേ എനിയ്ക്ക് വേണ്ടത്. അന്യ ജാതീല് ഉണ്ടായതായാല്‍ പോലും അവര്‍ എന്‍റെ പേരമക്കളല്ലേ.?.എനിയ്ക്കുമില്ലേ അവരുമായി ജീവിക്കാനുള്ള ആഗ്രഹം?’.

റ്റീച്ചര്‍ കത്തിലേക്ക് വീണ്ടും മുഖം തിരിച്ചു;

“ഗീതേച്ചി സഹായത്തിന് വരാറുണ്ടെന്ന് കരുതുന്നു. എന്‍റെ അന്വേഷണം പറയണം. ഞാന്‍ നിറുത്തുകയാണമ്മേ......ഇതിനോടൊപ്പം കൊടുത്തുവിട്ട മാല അമ്മയ്ക്കിഷ്ടമായോ?.
അത് ലിസ്സിയുടെ വകയാണ്, ‘മദേഴ്സ് ഡെ’യ്ക്കുള്ള സമ്മാനം.
അവളും മക്കളും അവളുടെ അമ്മച്ചീം അമ്മയ്ക്ക് അന്വേഷണം പറഞ്ഞിട്ടുണ്ട്.
ഞാന്‍ നിറുത്തട്ടെ അമ്മേ..ജോലിയ്ക്ക് പോകാറായി.”

സ്നേഹപൂര്‍വ്വം മകന്‍,
കൃഷ്ണദേവ്.

‘എന്തായാലും അമ്മയെ ഓര്‍ക്കാന്‍ ഒരു അമ്മദിനം ഉണ്ടായത് ഭാഗ്യം’ എന്നോര്‍ത്ത് ഉള്ളില്‍ ചിരിച്ചു കൊണ്ട് ആ അമ്മ എഴുത്തു മടക്കി വെച്ചു.
 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates