നാലു പെണ്‍കുട്ടികള്‍ഞാന്‍‌ സുമയ്യ
തൃശൂര്‍‌ ജില്ലക്കാരി
ഗുരുവായൂര്‍‌ ലിറ്റില്‍‌ ഫ്ലവര്‍‌ കോളേജില്‍‌ നിന്ന് ബിരുദം
വിവാഹിത
ഭര്‍ത്താവ് വിദേശത്ത്
ഞങ്ങള്‍ക്ക് ‘നാലു പെണ്‍കുട്ടികള്‍’
മുന്‍പ് ഒരു സ്വകാര്യ സ്കൂളില്‍‌ ജോലി നോക്കിയിരുന്നു,
ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം;

ഒരൂസം സ്കൂള്‍ വിട്ടു വന്ന നേരം, ഉമ്മ പതിവില്ലാതെ പത്രത്തില്‍ കാര്യമായി നോക്കുന്നത് കണ്ടു.
"എന്താ ഉമ്മാ പ്രത്യേകിച്ച്" എന്ന് ചോദിച്ചു കൊണ്ട് ഞാനും പത്രത്തിലേക്ക് തലയിട്ടു നോക്കി.
ഒരു പീഡനക്കേസാണ്...!!!അന്നെന്റെ പ്രായം പത്തൊ പതിനൊന്നൊ ആണെന്ന് തോന്നുന്നു.
എന്റെ മനസ്സില്‍ പീഡനം എന്ന വാക്ക് കുരുങ്ങിക്കിടന്നു.
പിന്നെയും ഞാന്‍ തലയിട്ടപ്പോള്‍ ....."മണക്കുന്നൂലോകുട്ടീ... പോയി കുളിച്ചോണ്ടും വരൂ".എന്റെ മനസ്സ് മുഴുവന്‍ പീഡനത്തിലായി.കുളി എങ്ങിനെയോ കഴിച്ചു. വന്നപ്പോഴേക്കും, ഉമ്മ ചായ ഉണ്ടാക്കാന്‍ പോയിരുന്നു. ഞാന്‍ ആര്‍ത്തിയോടെ പത്രം എടുത്തു വായിച്ചു.പീഡനം........മനസ്സില്‍ ആശങ്ക വര്‍ദ്ധിച്ചു.ഉമ്മ ചായ എടുത്തു വന്നതും..!!

"എന്താ ഉമ്മാ പീഡനം ന്ന് പറഞ്ഞാല്‍..?"
ഉമ്മ ഒന്ന് ഞെട്ടി,"അത് മോളെ....നീ ആ പത്രം എടുത്തു വായിച്ചു...... ല്ലെ..?।
ഉമ്മ പറയാന്‍ മടിച്ചു. എന്റെ നിര്‍ബന്ധത്തിനു മുന്നില്‍ എന്തെങ്കിലും പറയാതെ നിവൃത്തി ഇല്ലായിരുന്നു. പറഞ്ഞ കൂട്ടത്തില്‍ ചിലതെന്റെ മനസ്സില്‍ പതിഞ്ഞു. അന്യ പുരുഷന്മാരുമായി സംസാരിക്കരുത്, തൊടരുത് എന്നൊക്കെ. പിന്നീടുള്ള എന്റെ ചലനങ്ങളൊക്കെ വളരെ ശ്രദ്ധിച്ചായിരുന്നു. എന്തിനേറെ, ബസ് കണ്ട്ക്റ്റര്‍ ബാക്കി പൈസ തരുന്ന സമയത്ത് എന്റെ കൈവെള്ളയില്‍ തൊട്ടാലൊ..?, അപ്പോള്‍ ഞാന്‍ പീഡിതയാവില്ലേ, ഗര്‍ഭം ധരിച്ചാലൊ...?..... അങ്ങിനെ ഒട്ടേറെ സംശയങ്ങളും.....!. കോളേജിലൊക്കെ ചെര്‍ന്നു ഒരു തിരിച്ചറിവ് ഉണ്ടാകുന്നത് വരെ ഇത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തിപ്പോന്നു.

പിന്നീട്, കാലം എന്നെ മങ്ങല്യത്തില്‍ എത്തിച്ചു, ഞാന്‍ നാലു പെണ്‍കുട്ടികളുടെ അമ്മയായ. അവര്‍ വളരുംതോറും അവര്‍ക്കും സംശയങ്ങള്‍ കൂടിവന്നു. സംശയനിവാരണത്തിന് ഞാന്‍ നിര്‍ബന്ധിതയായി അല്ലെങ്കില്‍ ഞാനതിന്‌ ബാധ്യസ്ഥയായി.അങ്ങിനെ ഒട്ടേറെ കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും കാര്യങ്ങള്‍ അവരെ പറഞ്ഞു ബോധിപ്പിച്ചു. അവര്‍ തൃപ്തരായി, മാത്രമല്ല എല്ലാ വൈകുന്നേരവും ഞങ്ങള്‍ ഒത്തുകൂടി കഥയും കവിതയും കളിയും കാര്യവുമായി സമയം ചിലവഴിച്ചു. ഞങ്ങള്‍ ചെങ്ങാതികളെ പോലെ ആയി. അവര്‍ക്കെന്നിലെ അമ്മയെ അറിയാന്‍ കഴിഞ്ഞു. എനിക്കവരിലെ സ്നേഹത്തേയും സര്‍ഗ്ഗവാസനയും അറിയാന്‍ കഴിഞ്ഞു. ഞാന്‍ തീര്‍ത്തും സന്തോഷവതിയായി.
ക്ഷമിക്കണം കുറെ കത്തിയടിച്ചു ബോറടിപ്പിച്ചു...ഇല്ല? ഒരു തുടക്കക്കാരിയുടെ അസ്ക്യതയായി കണക്കാക്കുക.

അങ്ങിനെ ഞങ്ങളിലൂടെ ഉരുത്തിരിഞ്ഞ കാലീകപ്രസക്തിയുള്ള രചനകളും മറ്റു പാചക വാചക കസര്‍ത്തുകളും എഴുതണം ന്ന് തീരുമാനിച്ചപ്പോള്‍ ഭര്‍ത്താവാണ്‌ ഈ ബൂലോഗത്തേയും ബൂലോഗവാസികളെയും കുറിച്ച് പറഞ്ഞു തന്നതും ഇങ്ങനെയൊക്കെ ആക്കിത്തന്നതും.
ആയതിനാല്‍ ഈ പോസ്റ്റോടു കൂടി ഞാന്‍ ദൈവത്തെ ധ്യാനിച്ച് 'ഹരിശ്രീ' കുറിക്കട്ട......
ബൂലോഗത്ത് ഞാന്‍ നടുന്ന അക്ഷരത്തൈകള്‍ക്ക് വെള്ളവും വളവും തന്ന് നിങ്ങളെന്നെ അനുഗ്രഹിക്കണം.
സ്നേഹപൂര്‍വ്വം,
സുമയ്യ.
 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates